യോഗയുടെ സ്വാംശീകരണം – പാശ്ചാത്യഹിന്ദുവുമായി ഒരു ചർച്ച

By Sanjay via Rajiv Malhotra Official Youtube Channel published on July 22, 2017
Malayalam Translation of Discussion between Sri Rajiv Malhotra & Sri Louise on Digestion of Yoga

രാജീവ് മൽഹോത്ര – നമസ്തെ. ഹിന്ദുമതം പരിശീലിക്കുന്ന ശ്രീമതി ലൂയിസ് എന്ന പാശ്ചാത്യവനിതയുമായി നല്ലൊരു പ്രോഗ്രാം ഞാൻ ചെയ്യുകയാണ്. അവർ സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യയും, യോഗവിദ്യയുടെ ആചരണ-പ്രചാരണത്തിൽ നിപുണയുമാണ്. എന്റെ ചില പുസ്തകങ്ങൾ അവർ വായിക്കുകയും, അവയാൽ സ്വാധീനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വിവിധ വളഞ്ഞ വഴികളിലൂടെ യോഗ സമ്പ്രദായത്തെ സ്വാംശീകരിച്ച് കയ്യടക്കാനുള്ള ചില പാശ്ചാത്യരുടെ ശ്രമങ്ങളോടു എതിരിടാൻ ശ്രീമതി ലൂയിസ് നമുക്കൊപ്പമുണ്ട്. അതിനാൽ, അവരുടെ വീക്ഷണങ്ങൾ ചർച്ച ചെയ്യുന്നത് നല്ലതായിരിക്കുമെന്നു ഞാൻ കരുതുന്നു.

ഈ പരിപാടിയിലേക്കു സ്വാഗതം ശ്രീമതി ലൂയിസ്. താങ്കളുടെ പങ്കാളിത്തത്തിൽ ഞാൻ സന്തോഷിക്കുന്നു. നിങ്ങൾക്കറിയാമല്ലോ, ഭാരതീയപാരമ്പര്യത്തിനു ഹാനികരമായ പ്രവർത്തികൾ ചില പാശ്ചാത്യർ ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അത്തരക്കാരെ വിമർശിക്കുന്നതിലും ഞാൻ മുൻപന്തിയിലാണ്. അത് ഏവർക്കും അറിയാം. എന്നാൽ എല്ലാ പാശ്ചാത്യരും ഈ ഗണത്തിൽ പെടുന്നവരല്ല എന്നത് പ്രത്യേകം പറയേണ്ടുന്ന സംഗതിയാണ്. താങ്കൾ അത്തരമൊരു വ്യക്തിയാണ്. ഇന്ത്യക്കാർ അക്കാര്യം അറിഞ്ഞിരുന്നേ മതിയാകൂ. അതുകൊണ്ട് താങ്കൾ ദയവായി സ്വയം പരിചയപ്പെടുത്തുക. താങ്കളുടെ ജോലി, പ്രവർത്തനങ്ങൾ, താങ്കൾ എങ്ങിനെയാണ് ഹിന്ദുവായത്, അല്ലെങ്കിൽ ഭാരതീയ പാരമ്പര്യം ആചരിക്കുന്ന വ്യക്തിയായത്., എന്നീ കാര്യങ്ങളെപ്പറ്റി സംസാരിക്കുക.

ശ്രീമതി ലൂയിസ് – നമസ്കാരം രാജീവ് ജി. ഈ പരിപാടിയിൽ പങ്കെടുത്ത്, താങ്കളോടു സംവദിക്കാൻ കഴിഞ്ഞതിൽ എനിക്കു വളരെ സന്തോഷമുണ്ട്. ഞാൻ ആദ്യമായി ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നത് 1998-ലാണ്. 1999-ൽ സ്വാമി ദയാനന്ദയുമായി കൂടിക്കണ്ടു. അതിനുശേഷം ഞാൻ ഭാരതീയസമ്പ്രദായം ആചരിച്ചുവരികയാണ്.രണ്ടുവർഷം ഇന്ത്യയിൽതന്നെ താമസിച്ച് ഇന്ത്യയെ കുറിച്ച് പഠിച്ചു. അതിൽ ഒരുവർഷം ദയാനന്ദ ആശ്രമത്തിലായിരുന്നു. അമേരിക്കയിൽ തിരിച്ചെത്തിയ ശേഷം, ഇവിടെ യോഗയുടെ പേരിൽ നടക്കുന്ന കാര്യങ്ങളുമായി യോജിച്ചുപോകാൻ വളരെ പ്രയാസം തോന്നി. അത്തരമൊരു ജ്ഞാനവ്യതിയാനം എന്നിൽ സംഭവിച്ചിരുന്നു. ഇത് നടക്കുന്നത് 2001-ലാണ്. ഞാൻ സാമൂഹികരംഗത്ത് സജീവമാകുന്നത് 2012-13ലും. സമാനമേഖലയിലുള്ളവരുടെ ആശയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു എന്റെ പ്രവർത്തനങ്ങളുടെ തുടക്കം.

‘യോഗയും വംശീയതയും’ (Race and Yoga) എന്ന പേരിൽ, UC ബെർക്കിലിയിൽ (യൂണിവേഴ്സിറ്റി കോളേജ് കാലിഫോർണിയ, ബർക്കിലി), ഒരു കോൺഫറൻസ് നടത്താനുള്ള നിർദ്ദേശം ഞാൻ മുന്നോട്ടുവച്ചു. ഞാൻ തിരഞ്ഞെടുത്ത വിഷയം ‘Lost in translation or the looting of Yoga’ (യോഗയുടെ വിവർത്തന നഷ്ടം അല്ലെങ്കിൽ കൊള്ളയടിക്കൽ) എന്നതായിരുന്നു. ഏപ്രിൽ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന കോൺഫറൻസിനു മുമ്പ്, മാർച്ചിൽ ഞാൻ ഋഷികേശ് സന്ദർശിച്ചു. അവിടെയുള്ള ഒരു പുസ്തകശാലയിൽനിന്നു Invading the Sacred പുസ്തകം ഞാൻ വാങ്ങി. അതിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾക്കു എന്റെ ജീവിതത്തിലെ സംഭവങ്ങളുമായുള്ള സാഹചര്യപ്പൊരുത്തം അതിശയകരമായിരുന്നു. എന്റെ സഹപ്രവർത്തകരായ യോഗവിദഗ്‌ധരുമായി ഞാൻ ചർച്ചചെയ്യാറുള്ള പലകാര്യങ്ങളും പുസ്തകത്തിൽ ഉണ്ടായിരുന്നു. Invading the Sacred-ൽ വിവരിച്ചിരിക്കുന്ന പോലെ, അക്കാദമിക് രംഗങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങൾ, യോഗ പരിശീലനമേഖലയിൽ കൂടിയ അളവിൽ നടക്കുന്നുണ്ടായിരുന്നു. അമേരിക്കൻ യോഗമേഖലയിൽ ഉൾച്ചേർന്നിട്ടുള്ള പക്ഷപാതിത്വം മനസ്സിലാക്കാൻ ആ പുസ്തകം എന്നെ സഹായിച്ചു.

Being Different എന്ന പുസ്തകത്തിൽ ‘തർജ്ജമയ്ക്കു വഴങ്ങാത്ത’ ചില സംസ്കൃതപദങ്ങളെ പറ്റി താങ്കൾ വിശദീകരിക്കുന്നുണ്ട്. സ്വാമി ദയാനന്ദയിൽനിന്നു ഞാൻ പഠിച്ചകാര്യങ്ങളിൽ, തർജ്ജമ ചെയ്യാൻ വിഷമകരമായ പദങ്ങൾ എന്നവിഭാഗവും ഉണ്ടായിരുന്നു. അദ്ദേഹം അത് പ്രത്യേകം എടുത്തു പറഞ്ഞില്ലെങ്കിലും. തർജ്ജമക്കു വഴങ്ങാത്ത അത്തരം പദങ്ങളിലൊന്നായിരുന്നു മിഥ്യ. മിഥ്യയോടു താരതമ്യപ്പെടുത്താവുന്ന ഒരു വാക്കും പാശ്ചാത്യഭാഷയിൽ ഇല്ല. മാത്രമല്ല, ആ ആശയം, അതായത് യഥാർത്ഥമെന്നോ അയഥാർത്ഥമെന്നോ നിർവചിക്കാനാകാത്ത ചിലത് ഉണ്ടെന്ന ആശയം, അത് പാശ്ചാത്യമനസ്സിനു തികച്ചും അപരിചിതമാണ്. അതുകൊണ്ട്, ഭാരതീയതയെ മനസ്സിലാക്കിയവരും അല്ലാത്തവരും എന്ന വേർതിരിവോടെ മറ്റുള്ളവരോടു സംവദിക്കുമ്പോഴും, ഭാരതീയകൃതികൾ തർജ്ജമ ചെയ്ത് പഠിപ്പിക്കാൻ യോഗ്യരായവരെ തീരുമാനിക്കുമ്പോഴും, തർജ്ജമയ്ക്കു വഴങ്ങാത്ത പദങ്ങളെ പറ്റിയുള്ള ജ്ഞാനം ഒരുവ്യക്തിക്കു അവശ്യമാണ്. ഭാഷയെ കുറിച്ച് ഒരുവൻ മനസ്സിലാക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഭാഷ ഒരു പ്രത്യേക ലോകവീക്ഷണം മുന്നോട്ടുവയ്ക്കുന്നെന്നും, അത് ചിലപ്പോൾ നിർവചനത്തിനു വഴങ്ങാത്തതും മറ്റുള്ളവരിലേക്കു പകരാൻ പറ്റാത്തതാണെന്നും എനിക്കു തോന്നുന്നത് എന്തുകൊണ്ടാണെന്നു അങ്ങേയ്ക്കു മനസ്സിലാകുമല്ലോ. അല്ലേ? അതായത്, നിങ്ങൾ ‘അസത്/Asat’-നെ illution എന്നു തർജ്ജമ ചെയ്താൽ ആ വാക്കിന്റെ പ്രതിഭാവിലാസം നഷ്ടപ്പെടും. സത്-അസത്, സത്യം-മിഥ്യ എന്നീ വാക്കുകൾ തമ്മിലുള്ള ബന്ധത്തിന്റെ അന്തസത്തയും നിങ്ങൾക്കു കൈമോശം വരും.

രാജീവ് മൽഹോത്ര – എന്റെ പുസ്തകത്തിലുള്ള ഒരുപദമാണ് ഹിന്ദുഫോബിയ. 2000-മാണ്ടിനു ശേഷം ഞാനിത് ഉപയോഗിച്ചു തുടങ്ങി. അക്കാലത്തു ഹിന്ദുഫോബിയ എന്നു ഗൂഗിളിൽ തിരഞ്ഞാൽ ഫലങ്ങളൊന്നും കിട്ടില്ലായിരുന്നു. കാരണം ആ പദം അന്ന് പ്രയോഗത്തിലില്ല. ഹിന്ദുഫോബിയ പദം ഉപയോഗിക്കരുതെന്നു പറഞ്ഞ് പലരും എന്നെ നിരുൽസാഹപ്പെടുത്തി. ഞങ്ങൾ നെഗറ്റീവായി ചിന്തിക്കുന്നവരല്ല ശുഭാപ്തിവിശ്വാസികളാണ്, ഹിന്ദുഫോബിയ പദം ഉപയോഗിച്ചാൽ അത് വ്യാപകമായ ശ്രദ്ധ ആകർഷിക്കും., തുടങ്ങിയവയായിരുന്നു എതിർപ്പിന്റെ കാരണങ്ങൾ. ‘ഞങ്ങൾ ഭയത്തിലാണ്, ഞങ്ങൾക്കു ഹിന്ദുഫോബിയ എന്നു പറയാൻ ഭയമാണ്. കാരണം അങ്ങിനെയൊരു പ്രശ്നം ഇല്ലെന്നാണ് ഞങ്ങൾ കരുതുന്നത്’ എന്ന ചിന്താഗതി…ഇതുമൂലം ഹിന്ദുഫോബിയ പദം ജനങ്ങൾ ഉപയോഗിച്ചു തുടങ്ങാൻ കാലമേറെ എടുത്തു. ഇപ്പോൾ ഈ പദം നിങ്ങൾ ഗൂഗിളിൽ തിരഞ്ഞുനോക്കൂ. നിങ്ങൾക്കു ദശലക്ഷക്കണക്കിനു ഫലങ്ങൾ കിട്ടും. 15 വർഷത്തിനുള്ളിൽ നേടിയതാണ് ഇതെല്ലാം.

ശ്രീമതി ലൂയിസ്– ചില കാര്യങ്ങൾ കൂട്ടിച്ചേർക്കാം. കോളനിവൽക്കരണപ്പറ്റിയും, അന്നത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റിയും എന്തൊക്കെ ഞാൻ മനസ്സിലാക്കിയിരുന്നോ, അതൊക്കെ താങ്കളുടെ പുസ്തകങ്ങളിൽ ഞാൻ കണ്ടു. അതായത് ചിലപ്പൊഴൊക്കെ ‘ഓ! ഇത് എന്റെ മനസ്സിലുണ്ടായിരുന്ന ആശയങ്ങൾ അതേപോലെ പറയുന്നു’ എന്നെനിയ്ക്കു തോന്നിയിട്ടുണ്ട്. ഞാനതൊക്കെ മനസ്സിലാക്കിയതിനേക്കാൾ 10-15 കൊല്ലം മുമ്പേ താങ്കളത് കൈകാര്യം ചെയ്യുകയായിരുന്നു. ഞാൻ ‘Lost in translation or the looting of Yoga’ എന്ന പേപ്പർ UC Berkeley-യിൽ നടന്ന കോൺഫറൻസിൽ അവതരിപ്പിച്ചപ്പോൾ, ‘Lost in translation’ എന്ന തലക്കെട്ട് പേപ്പറിൽ വ്യക്തമായി കൊടുത്തത്, ഗീതയൊക്കെ പഠിപ്പിക്കുന്നവർ പലപ്പോഴും ഒരു അർഹതയുള്ള ആചാര്യനിൽനിന്നു ഒരിക്കലും അവ പഠിച്ചിട്ടില്ല എന്നു മനസ്സിലാക്കിയാണ്. അതുകൊണ്ട് അവർക്കു ഗീത പഠിപ്പിക്കാനുള്ള യോഗ്യത ഒരിക്കലുമുണ്ടാവില്ല. കാരണം മൂലഗ്രന്ഥം തന്നെ പരിഭാഷയിൽ നഷ്ടമാകുന്നു. എന്റെ പേപ്പർ അവതരണത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് ഉണ്ട്. നമുക്കത് അല്പനേരം കാണാമെന്നു കരുതുന്നു.

രാജീവ് മൽഹോത്ര – ശരി.
ശ്രീമതി ലൂയിസ് – രാജീവ് ജിയുടെ സ്വാംശീകരണ സിദ്ധാന്തം (Digestion Theory) പേപ്പറിന്റെ ഭാഗമായി ഞാൻ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
രാജീവ് മൽഹോത്ര – ശരി. നമുക്ക് വീഡിയോ ക്ലിപ് കാണാം.

UC Berkley Conference 2015-ൽ ശ്രീമതി ലൂയിസ് പേപ്പർ അവതരിപ്പിച്ചപ്പോൾ എടുത്ത വീഡിയോ ക്ലിപ്പിന്റെ സംക്ഷിപ്തം:-

വിഷയത്തിൽ പ്രാമാണ്യവും അവഗാഹവും ഇല്ലാത്തവർ ഭഗവദ്ഗീത പോലുള്ള ഹൈന്ദവഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതിലെ പ്രശ്നങ്ങൾ ലൂയിസ് ഉദാഹരണസഹിതം വിവരിക്കുന്നു. മാത്യു റെംസ്കി ഒരു സ്വയംപ്രഖ്യാപിത എഴുത്തുകാരനും ആയുർവേദം, യോഗതെറാപ്പി, യോഗദർശനം, യോഗാസനങ്ങൾ എന്നിവയിൽ അധ്യാപകനുമാണ്. അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ സുവ്യക്തമായും ഹൈന്ദവഉറവിടത്തിൽ നിന്നുള്ളവയാണ്. പക്ഷേ ഈ വിഷയങ്ങൾ അദ്ദേഹം പഠിച്ചത് പ്രാമാണ്യമുള്ള ഒരു ഗുരുവിൽനിന്നാണ് എന്നതിന്റെ ഒരു സൂചനയുമില്ല. അദ്ദേഹത്തിന്റെ വെബ്‌സൈറ്റിൽ ഗുരുക്കന്മാരെപറ്റി ഒരുവാചകം പോലുമില്ല. പൗരാണിക ഗ്രീസിലെ സോക്രട്ടിക് സമ്പ്രദായം അവലംബിക്കുന്നെന്ന അവകാശവാദമാണ് അതിലുള്ളത്. മാത്രമല്ല, ഹൈന്ദവ സമ്പ്രദായങ്ങളുടെ ഭാഗിക സ്വാംശീകരണമാണ് നടത്തുന്നതെന്നിട്ടും, റെംസ്കി ഈ വിഷയങ്ങളുടെ ഹൈന്ദവപശ്ചാത്തലം എവിടേയും പ്രസ്താവിച്ചിട്ടില്ല. നമുക്കറിയാം, ആയുർവേദത്തിന്റെ ഉറവിടം അഥർവ‌വേദം ആണ്. പക്ഷേ, റെംസ്കി ഇതിന്റെ പിതൃത്വം സോക്രട്ടീസിനാണ് നൽകുന്നത്. റെംസ്കിയുടെ ഉദ്ദേശം വ്യക്തമാണ് – ബില്യൺകണക്കിനു ഡോളറുകളുടെ വ്യവഹാരം നടക്കുന്ന ആരോഗ്യരംഗത്ത്, ആയുർവേദം എന്ന ഒറിജിനൽ പേര് ഉപയോഗിക്കുകയും, എന്നാൽ അതിന്റെ ഹൈന്ദവപശ്ചാത്തലം നിരസിക്കുകയും ചെയ്യുക.

രാജീവ് മൽഹോത്രയുടെ യു-ടേൺ സിദ്ധാന്തം, പാശ്ചാത്യനാടുകളിൽ യോഗയുടെ പേരിൽ നടക്കുന്ന കബളിപ്പിയ്ക്കലിന്റെ ഉള്ളുകള്ളികളെപ്പറ്റി യുക്തിപരമായും ഘടനാപരമായും വിശദീകരിക്കുന്നുണ്ട്. പാശ്ചാത്യലോകം ഭാരതീയസംസ്കാരത്തെ സ്വാംശീകരിച്ച് ഏറ്റെടുക്കുന്നത് അഞ്ചു ഘട്ടങ്ങളായാണ്. ലൂയിസ് അവയെ താഴെകൊടുക്കുന്ന രീതിയിൽ സംഗ്രഹിച്ചിരിക്കുന്നു. എല്ലാ സ്വാശീകരണവും ഈ അഞ്ചുഘട്ടങ്ങളിലൂടെ കടന്നു പോകണമെന്നുമില്ല. അത് പ്രത്യേകം ശ്രദ്ധിക്കുക.
ഒന്നാം ഘട്ടം – ഗൗരവപൂർണവും ആത്മസമർപ്പണത്തോടും കൂടി ഭാരതീയതയെ അറിയാനുള്ള ശ്രമം ഇന്ത്യൻ-ഇതര വ്യക്തിയുടെ ഭാഗത്തുനിന്നു ഈഘട്ടത്തിൽ ഉണ്ടാകും. ഭാരതീയചിന്തയിൽ ഹരിശ്രീ കുറിച്ച്, പഠനത്തിന്റെ ഗുണവശങ്ങൾ വ്യക്തി അനുഭവിച്ചറിയും.

രണ്ടാം ഘട്ടം – ഭാരതീയതയിൽ നിന്നു വ്യക്തി അകന്നുമാറി, അതിനെപ്പറ്റി നിഷ്‌പക്ഷ അഭിപ്രായം പ്രകടിപ്പിക്കും. മുമ്പ് പോസിറ്റീവായിരുന്ന അഭിപ്രായങ്ങൾ ഈ ഘട്ടത്തിൽ ന്യൂട്രലായി ചുവട് മാറിയിട്ടുണ്ടാകും. ഭാരതീയ ആശയങ്ങൾ ഇവിടെ പൊതുപാരമ്പര്യമായി മാറ്റപ്പെടുന്നു.
മൂന്നാം ഘട്ടം –ഭാരതീയ ആശയത്തിന്മേൽ പാശ്ചാത്യർ അവകാശവാദം ഉന്നയിക്കുന്നു. ഭാരതീയആശയം ഈ ഘട്ടത്തിൽ പൊതുപാരമ്പര്യമായി പരിഗണിക്കപ്പെടുന്നില്ല. മറിച്ച് പാശ്ചാത്യരുടെ ഒരു മതേതര, ശാസ്ത്രീയ കണ്ടുപിടുത്തമായി വ്യാഖ്യാനിക്കപ്പെട്ട്, പടിഞ്ഞാറൻ ആശയധാരയിൽ ഉൾക്കൊള്ളിക്കും.

നാലാം ഘട്ടം – കടുത്ത ശത്രുതയുടേയും, പരാധീനപ്പെടുത്തലിന്റേയും ഘട്ടമാണിത്. ആശയം ഇവിടെ വ്യക്തിഗതമാക്കപ്പെടുന്നു. അപരന്റെ ഒരു ആശയത്തെ കടമെടുത്ത് സ്വന്തമാക്കണമെങ്കിൽ, നിങ്ങൾക്കു ആ ആശയത്തിന്റെ ഉൽഭവസ്ഥാനത്തെ നശിപ്പിക്കേണ്ടതുണ്ട്.

അഞ്ചാം ഘട്ടം –പാശ്ചാത്യരാജ്യങ്ങളിൽനിന്നു ഈ ആശയങ്ങൾ തിരിച്ചു ഇന്ത്യയിലേക്കു തന്നെ ഇറക്കുമതി ചെയ്യപ്പെടും. അങ്ങിനെ കോളനിവൽക്കരണത്തിന്റെ ചാക്രികക്രമം പൂർണമാകും.

അപ്പോഴേയ്ക്കും ഭാരതത്തിനു, ഭാരതത്തെക്കുറിച്ചുള്ള അറിവുകളിൽ അധികവും അടിസ്ഥാനമാക്കിയിരിക്കുന്നത്, മറ്റു നാട്ടുകാർക്കു ഭാരതത്തെപ്പറ്റി എന്തറിയാം എന്നതിലായിരിക്കും.

ഇത്രയുമാണ് UC Berkley-യിലെ കോൺഫറൻസിൽ ലൂയിസ് അവതരിപ്പിച്ച പേപ്പറിന്റെ സംക്ഷിപ്തം.

രാജീവ് മൽഹോത്ര – ലൂയിസ്, യു-ടേൺ സിദ്ധാന്തത്തിന്റെ പ്രസക്തമായ ഒരു സംക്ഷേപണമാണ് ഇത്. ഈ വിഷയത്തിൽ രണ്ടാമതൊരു വീഡിയോ കൂടിയുണ്ട്. മറ്റൊരു വീക്ഷണകോണിലൂടെ ഒരു വ്യക്തി ഇക്കാര്യങ്ങളെ സമീപിച്ചിരിക്കുന്നു. നാം ഇരുവരും പറയുന്നതിന്റെ വിപരീതവശം ഇതിൽ ദർശിക്കാം. നമുക്ക് ആ വീഡിയോ കാണാം. അതിനുശേഷം അഭിപ്രായം പറയാം.

ദേവ പ്രേമൾ, മൈറ്റൺ മൻറോസ് എന്നിവരുടെ വീഡിയോ സംഭാഷണത്തിന്റെ സംക്ഷിപ്തരൂപം:-

Miten എന്ന വ്യക്തി മന്ത്രങ്ങൾ ഏതു മതത്തിന്റേതാണെന്നു ആകാംക്ഷാപൂർവ്വം അന്വേഷിക്കുന്നു. ഇസ്രയേൽ, ഉക്രെയിൻ., എന്നിവയെപ്പോലെ സംഘർഷങ്ങൾ നിലവിലുള്ള നിരവധി രാജ്യങ്ങൾ സന്ദർശിച്ച അനുഭവപരിജ്ഞാനം അദ്ദേഹത്തിനുണ്ട്. അവിടങ്ങളിൽവച്ച്, മന്ത്രങ്ങൾക്കു ഏതെങ്കിലും മതസമൂഹങ്ങളുമായി ബന്ധമുണ്ടോ എന്ന ചോദ്യം അദ്ദേഹം നേരിട്ടിട്ടുണ്ട്. Miten-ന്റെ ചോദ്യത്തിനു ദേവ പ്രേമൾ മറുപടി പറയുന്നു. ദേവയുടെ അഭിപ്രായത്തിൽ മന്ത്രങ്ങൾ അനാദിയായ ശബ്ദങ്ങളാണ്. താപസന്മാരായ ഋഷിമാർ ഈ ശബ്ദങ്ങളെ മറ്റുശബ്ദങ്ങളിൽനിന്നു വേർതിരിച്ച് മനസ്സിലാക്കി. പിന്നെ, ഓർത്തെടുത്ത് ഉപയുക്തമാക്കാൻ സഹായകമാം വിധം അവർ ശബ്ദങ്ങളെ ഘടനാപരമായി സജ്ജീകരിച്ചു. ഈ ശബ്ദങ്ങൾ കണ്ടുപിടിക്കപ്പെട്ടത് മതങ്ങളുടെ ഉൽഭവത്തിനും മുമ്പാണ്. ഹിന്ദുമതം ഈ ശബ്ദങ്ങളെ ഏറ്റെടുത്ത് സംസ്കൃതത്തിലാക്കി. ദേവ പ്രേമളിന്റെ അഭിപ്രായത്തിൽ മന്ത്രങ്ങൾ ഹിന്ദുമതവുമായി ബന്ധപ്പെടുന്നത് ഇങ്ങിനെയാണ്. മന്ത്രങ്ങൾക്കു ഹിന്ദുമതവുമായി മറ്റുരീതിയിൽ ബന്ധമില്ലെന്നും ദേവ പറഞ്ഞുവയ്ക്കുന്നു. ദേവയുടെ അഭിപ്രായത്തിൽ മന്ത്രങ്ങൾ തദ്ദേശീയമാണ്. കാരണം അവ നമ്മുടെ ആന്തരികസത്തയുമായി, ആത്മാവുമായി സംവദിക്കുന്ന അനാദിയായ ശബ്ദങ്ങളാണ്.

വീഡിയോ സംഭാഷണത്തിലെ കാതലായ ആശയം ഇതാണ്.

രാജീവ് മൽഹോത്ര – ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള ആശയങ്ങളെ ഞാൻ ലഘുവായി ഖണ്ഢിച്ചു കാണിക്കാം. മതങ്ങൾ ലോകത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന Miten-ന്റെ പോയിന്റ് ശരിയാണ്. പക്ഷേ അദ്ദേഹം വേദങ്ങളെ മനസ്സിലാക്കിയപോലെ ഒരു മതമായല്ല നാം അതിനെ മനസ്സിലാക്കുന്നതും ചർച്ചചെയ്യുന്നതും. വൈദികജ്ഞാനത്തിനെ മതത്തിന്റെ പേരിട്ടു വിളിക്കാൻ പറ്റില്ല. Miten അദ്ദേഹത്തിന്റെ അനുഭവങ്ങൾ പറഞ്ഞു. മതസംഘർഷം നിലനിൽക്കുന്ന ചില രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. മധ്യേഷ്യയിലെ ഏതെങ്കിലും രാജ്യങ്ങളോ മറ്റോ ആയിരിക്കണം അദ്ദേഹത്തിന്റെ മനസ്സിൽ. സംഘർഷപ്രദേശങ്ങൾ സന്ദർശിക്കുന്നത് നല്ലതാണ്. പക്ഷേ മന്ത്രങ്ങളോ, അല്ലെങ്കിൽ ഏതെങ്കിലും ഒരുമന്ത്രമോ കൃസ്ത്യൻ ആശയവുമായി ചേർന്നു നിൽക്കുന്നുണ്ടോ എന്നത് വേറെകാര്യമാണ്. രാജ്യങ്ങൾ സന്ദർശിക്കുന്നത് ഇതുമായി ബന്ധമുള്ളതല്ല. അദ്ദേഹം ഇക്കാര്യം പരിഗണിക്കുന്നില്ല. പിന്നെ, അദ്ദേഹത്തോടൊപ്പമുള്ള വനിത… അവർ പൂർണമായും തെറ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തിയാണ്. മന്ത്രങ്ങൾ വളരെപണ്ട് കണ്ടുപിടിച്ചതാണ്, ഹിന്ദുമതം അതിനുശേഷം ഉൽഭവിച്ച് മന്ത്രങ്ങളെ ഏറ്റെടുക്കുകയായിരുന്നു., എന്നെല്ലാം അവർ പറയുന്നത് തെറ്റിദ്ധാരണ മൂലമാണ്. മന്ത്രങ്ങൾക്കു ഹിന്ദുമതത്തിൽനിന്നു വേറിട്ട സ്വതന്ത്രനിലനില്പുണ്ടെന്ന വിധമാണ് വനിതയുടെ നിലപാടുകൾ.

ഞാൻ ഇത്തരക്കാർക്കു സംഭവിക്കുന്ന തെറ്റിദ്ധരണകൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. അപ്പോൾ നമുക്ക് മതത്തെ ഒരരുകിലേക്കു മാറ്റിനിർത്തേണ്ടി വരും. കാരണം നാം മതത്തെക്കുറിച്ചല്ല പറയുന്നത്, മറ്റൊരു കാര്യമാണ് ചർച്ചാവിഷയം. ഉത്തേജകമരുന്ന് ഉപയോഗവും ടെന്നീസ് കളിയും ഒരുമിച്ച് ചേർന്നുപോകുമോ എന്നു ചോദിക്കുന്ന പോലെയാണത്. അല്ലേ? മരുന്നുപയോഗം നിങ്ങളുടെ ടെന്നീസ്കളിയെ നശിപ്പിക്കുമോ എന്നതാണ് ശരിയായ ചോദ്യം. അവിടെയാണ് പ്രശ്നം. നിങ്ങളുടെ സ്വത്വം എന്തെന്നതോ, നിങ്ങളെക്കുറിച്ചുള്ള സ്വയംവിലയിരുത്തലോ, അതല്ലെങ്കിൽ നിങ്ങൾ ഏത് പക്ഷമാണെന്നതോ ഇവിടെ വിഷയമല്ല. കൃസ്തുമതം നിങ്ങളെ ഏത് ആശയഗതിക്കാരനായി കാണാൻ ആഗ്രഹിക്കുന്നുവോ, അതുമായി മന്ത്രങ്ങൾ ചേർന്നുപോകുന്നുണ്ടോ എന്നതാണ് കാതലായ ചോദ്യം.അതല്ലാതെ ഏതെങ്കിലും പക്ഷത്തു നാം ചേരുന്നുണ്ടോ ഇല്ലയോ എന്നതല്ല. വീഡിയോയിൽ ചോദ്യം ഉന്നയിച്ചിരിക്കുന്നത് ആശയവ്യക്തതയില്ലാത്ത രീതിയിലാണ്.

മന്ത്രങ്ങൾ ഒരുവന്റെ കൃസ്ത്യൻ വിശ്വാസത്തിലുണ്ടാക്കുന്ന ഫലം പരിശോധനയ്ക്കു വിധേയമാക്കണമെന്നു ഞാൻ പറയും. ഒരാൾ കൃസ്ത്യാനിയായിരിക്കുന്നത് മന്ത്രങ്ങളുടെ ഗുണഫലം ലഭിക്കുന്നതിനെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതിനെപ്പറ്റിയും പരിശോധിക്കണം. ‘X’, ‘Y’ എന്നീ രണ്ട് വ്യത്യസ്തകാര്യങ്ങൾ തമ്മിലുള്ള ചേർച്ചയും ചേർച്ചയില്ലായ്മയും പരിശോധിക്കുമ്പോൾ, നാം ഇരുദിശയിലും കാര്യങ്ങൾ നോക്കിക്കാണണം. ഒരു കാര്യത്തിന്റെ ഫലം രണ്ടാമത്തേതിനു സഹായകമാണെങ്കിൽ, അത് പോസിറ്റീവ് നിലയാണ്. മറിച്ച്, ഒന്നിന്റെ ഫലം രണ്ടാമത്തേതിനെ തളർത്തിയാൽ, അത് നെഗറ്റീവ് നിലയാകും. ഇതുകൂടാതെ, ഒന്ന് മറ്റൊന്നിനു സഹായകവും ദോഷകരവുമല്ലാത്ത ന്യൂട്രൽ നിലയുമുണ്ട്. കൃസ്തുമതവും ടെന്നീസും തമ്മിലുള്ള ബന്ധം എങ്ങിനെയെന്ന് ആരെങ്കിലും ചോദിച്ചാൽ,ഞാൻ ന്യൂട്രലാണെന്ന് ഉത്തരം പറയും. കാരണം ഇവയിലൊന്ന് മറ്റൊന്നിനെ പോസിറ്റീവായോ നെഗറ്റീവായോ സ്വാധീനിക്കുന്നെന്ന് ഞാൻ കരുതുന്നില്ല. കൃസ്തുമതവും ടെന്നീസും പരസ്പരം ബന്ധപ്പെട്ട് എന്തെങ്കിലും ഫലം ഉളവാക്കാൻ പോകുന്നില്ല. നാം ഇതൊരു ഫ്രെയിംവർക്കായി എടുക്കണം. അതായത്, ‘X’-നു ‘Y’-യെ പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രൽ എന്നിങ്ങനെ മൂന്ന് രീതിയിൽ ബാധിക്കാൻ കഴിയുന്ന വിധമുള്ള ഫ്രെയിംവർക്ക്. ‘Y’-ക്കു ‘X’-നോടു നേരെ തിരിച്ചും ഇങ്ങിനെ തന്നെ. മന്ത്രങ്ങളും കൃസ്തുമതവും തമ്മിലുള്ള ബന്ധം ഇതുപോലൊരു ഫ്രെയിംവർക്ക് ഉപയോഗിച്ച് വിലയിരുത്താനാണ് ഞാൻ ശ്രമിക്കുന്നത്.

ചിത്രത്തിന്റെ മുകൾഭാഗത്ത്, മന്ത്രങ്ങൾക്കു കൃസ്തുമതത്തിൻമേലുള്ള സ്വാധീനഫലം എന്താണെന്നു ഞാൻ കാണിച്ചിട്ടുണ്ട്. കൃസ്തുമത്തിനു മന്ത്രങ്ങളിന്മേലുള്ള സ്വാധീനം ചിത്രത്തിന്റെ ഇടതുവശത്തും കൊടുത്തിരിക്കുന്നു. ഇരുഭാഗത്തും പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രൽ എന്നീ മൂന്ന് മൂല്യങ്ങൾ ഉണ്ട്. ഇവയിൽ ഏതു മൂല്യവും സ്വീകരിക്കാം. ചിത്രത്തിൽ ഇരുഭാഗത്തു നിന്നുമുള്ള നെഗറ്റീവ് മൂല്യത്തിനുനേരെ ഞാൻ ‘X’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുഭാഗത്തുനിന്നും സ്വാധീനഫലം നെഗറ്റീവാണെന്നു കരുതുന്നതിനാലാണിത്. (എന്റെ വാദങ്ങൾ ഞാൻ വിശദമാക്കാം). വൈദിക ലോകവീക്ഷണം മുൻനിർത്തി വൈദികരീതിയിൽ മന്ത്രങ്ങൾ ഉരുക്കഴിക്കുന്നത്, യാഥാത്ഥിക മതവിശ്വാസം പുലർത്തുന്ന കൃസ്ത്യാനിയ്ക്കു പ്രശ്നങ്ങൾ സൃഷ്ടിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവിടെ ആശയസംഘർഷം ഉണ്ട്.

കൃസ്തുമതവിശ്വാസികൾ ഈ വാദം നിരസിക്കുകയോ, അവർക്കു ഈ വിഷയത്തിൽ അറിവില്ലാതിരിക്കുകയോ ചെയ്യാം. അങ്ങിനെയില്ല എന്ന് അത് നിങ്ങളോടു പറയുന്നില്ല. എന്നാൽ ഒരു യഥാർത്ഥ കൃസ്ത്യൻപുരോഹിതൻ മന്ത്രങ്ങൾ ചൊല്ലുന്നതിൽ അസ്വസ്ഥനായിരിക്കും, സത്യത്തിൽ അവർ അങ്ങിനെയാണ് താനും. ഇനി മറുവശം പരിശോധിക്കാം. നിങ്ങൾ ഉറച്ച കൃസ്ത്യൻ ലോകവീക്ഷണം പുലർത്തുന്ന വ്യക്തിയാണെങ്കിൽ, മന്ത്രങ്ങളുടെ അർത്ഥം ഗ്രഹിക്കാൻ കഴിവുള്ള ഒരാൾ ‘കൃസ്ത്യൻ ലോകവീക്ഷണം മന്ത്രങ്ങൾക്കു എതിരാണെന്ന്’ നിങ്ങളോടു തീർച്ചയായും പറയും. മന്ത്രങ്ങൾ ആവശ്യപ്പെടും വിധമുള്ള ചര്യകളോടു നീതിപുലർത്താൻ നിങ്ങൾക്കാകില്ല. അതിന്റെ കാരണങ്ങൾ ഞാൻ പറയാം.

ഒന്നാമതായി, മന്ത്രങ്ങൾ മതവിശ്വാസത്തേക്കാൾ ഉയർന്ന ഒരു ഇന്ദ്രിയാതീതനിലയെ സ്പർശിക്കുന്നു. അതിനാൽ അത് കൃസ്ത്യൻമതനിഷ്ഠയെ ഹനിക്കുന്നു. മന്ത്രങ്ങൾ പ്രതിനിധീകരിക്കുന്ന പരമാർത്ഥനില പ്രാപിക്കാൻ ബൈബിളിന്റെ ചരിത്രപശ്ചാത്തലം, അതായത് ജീസസിന്റെ പ്രവർത്തനങ്ങൾ – കുരിശുമരണം – ഉയിർത്തെഴുന്നേൽപ്പ് തുടങ്ങിയവ, നിങ്ങൾക്കു മറക്കേണ്ടി വരും. ഒരിക്കലും മറക്കരുതെന്നു കൃസ്തുമതം പഠിപ്പിക്കുന്ന ബൈബിളിന്റെ ചരിത്രപശ്ചാത്തലം നിങ്ങളുടെ മനസ്സിൽ ഉറച്ചിരിക്കുന്നിടത്തോളം, നിങ്ങൾ അനുഭവാധിഷ്ഠിതമായ ലോകത്തു ഉറച്ചു നിൽക്കുന്ന വ്യക്തിയാണ്. നാമരൂപങ്ങളുള്ള വ്യവഹാരികലോകമായിരിക്കും നിങ്ങളുടെ പ്രവർത്തിമണ്ഢലം. ആശയങ്ങൾക്കു (Concepts) ഇവിടെ പ്രമുഖസ്ഥാനമുണ്ട്. എന്നാൽ മന്ത്രങ്ങൾ നിങ്ങളെ ആശയതലത്തിനു അപ്പുറമുള്ള അതീന്ദ്രിയതലത്തിൽ എത്തിക്കും. ആഖ്യാനങ്ങൾക്കു അതീതമാണ് ഈ തലം. അങ്ങിനെ, മന്ത്രചര്യ അനുഷ്ഠിക്കണമെങ്കിൽ, ഒരു കൃസ്ത്യാനി എന്നനിലയ്ക്കുള്ള എല്ലാ പരിപ്രേക്ഷ്യങ്ങളേയും നിങ്ങൾ അതിവർത്തിക്കേണ്ടതുണ്ട്.

രണ്ടാമതായി, മന്ത്രങ്ങൾ ഒരുവ്യക്തിയെ ബോധവുമായുള്ള ഏകതയിലേക്കു നയിക്കും. കൃസ്തുമതത്തിനു ഇത് ആവശ്യമില്ല. ദൈവവുമായി തദാമ്യം പ്രാപിക്കാവുന്ന ബോധനിലയെപ്പറ്റി, അതായത് അദ്വൈതചിന്തയെ കുറിച്ച്, കൃസ്തുമതം പഠിപ്പിക്കുന്നില്ല. എന്നാൽ ഇത് സാധ്യമാണെന്ന വിധത്തിൽ ചിലർ പ്രവർത്തിക്കുന്നുണ്ട്. അതിന്റെ നിഷ്ഫലതയെപ്പറ്റി കുറേ ചർച്ചകൾ ഞാൻ നടത്തിക്കഴിഞ്ഞു. അദ്വൈതകൃസ്തുമതം എന്നൊന്നില്ല. അത് സാധുതയില്ലാത്ത പ്രസ്താവമാണ്. അദ്വൈത കൃസ്തുമതം ഉണ്ടെങ്കിൽ, പിന്നെ നിങ്ങൾക്കു യേശുവിനേയോ അദ്ദേഹത്തിന്റെ ജീവചരിത്രമോ ആവശ്യമില്ല. മന്ത്രവും ധ്യാനവും ആചരിക്കുക വഴി നിങ്ങൾക്കു അഹം ബ്രഹ്മാസ്മി പോലൊരു നില സ്വായത്തമാക്കാം. അഹം യഹോവ, അഹം തിയോ എന്നും വിളിക്കാം. ഈ സാഹചര്യത്തിൽ ഒരു ഇടനിലക്കാരനായി യേശുവിന്റെ റോൾ ആവശ്യമില്ല. യേശുവിന്റെ ചരിത്രപശ്ചാത്തലം ഇല്ലാതായാൽ കൃസ്ത്യൻസഭ അപ്രസക്തമാകും. കൃസ്തുമതം ഇതംഗീകരിക്കില്ല. അതിനാൽ അദ്വൈതചിന്തയുമായി കൃസ്തുമതം ചേർന്നു പോകില്ല. നേരെമറിച്ച് ചേർന്നു പോയിരുന്നെങ്കിൽ, കൃസ്തുമതം ഇന്ത്യയിൽ വന്ന സമയത്ത്, ഇന്ത്യക്കാർ നാം വിഭാവനം ചെയ്യുന്ന കാര്യങ്ങൾ അംഗീകരിക്കുന്നവരാണെന്ന് അവർ പറയുമായിരുന്നു. മതപരിവർത്തനത്തിനു കൊടുക്കുന്ന ഊന്നൽ എന്തിനാണെന്ന ചോദ്യവും അപ്പോൾ ഉയർന്നു വരും. ഇതാണ് മന്ത്രങ്ങളും കൃസ്ത്യൻ വിശ്വാസവും തമ്മിലുള്ള രണ്ടാമത്തെ പ്രശ്നം.

മൂന്നാമത്, ബൈബിൾ മൗനത്തേയും നിശബ്ദതയേയും അപകടകരമായി കരുതുന്നു. അവ സാത്താന്റെ സ്വാധീനമുള്ളവയാണ്. ഒരുവൻ പോസിറ്റീവായ കാര്യങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം. പ്രാർത്ഥനയിൽ മനസ്സ് ഒഴിച്ചിടരുത്. ഒഴിഞ്ഞുകിടക്കുന്ന മനസ്സ് സാത്താന്റെ പണിപ്പുരയാണ്. കൃസ്തുമതത്തിന്റെ ഈ നിലപാടിനു വിരുദ്ധമായി, മന്ത്രങ്ങൾ ധ്യാനസമാനമായ ശാന്തതയെ സ്വീകരിക്കുന്നു. അത് ധ്യാനിയെ മോക്ഷസമമായ ശൂന്യതയിലേക്കു നയിക്കുന്നു. മന്ത്രങ്ങളും കൃസ്തുമതവും തമ്മിലുള്ള ചേർച്ചയില്ലായ്മയുടെ മറ്റൊരു ഉദാഹരണമാണിത്.

അവസാനമായി ഒരുകാരണം കൂടി പറയാം. കൃസ്തുമതം മന്ത്രങ്ങളെ പ്രാർത്ഥനയായി പരിഗണിക്കുന്നു. എന്നാൽ ഇത് ശരിയാണെങ്കിൽ, മന്ത്രങ്ങൾ വിഭാവനം ചെയ്യുന്നത് ക്രൈസ്തവ ദൈവത്തെ അല്ല. മറിച്ച് പേഗൻ ദൈവങ്ങളെയാണ്. കൃസ്തുമതം നിരസിച്ച പേഗൻമതത്തിലെ ദൈവങ്ങളെയാണ് മന്ത്രങ്ങൾ ഉദ്ഘോഷിക്കുന്നത്. യൂറോപ്പിലേക്കു കൃസ്തുമതം വ്യാപിച്ചപ്പോൾ, ‘തെറ്റായ ദൈവങ്ങളെ’ ആരാധിക്കുന്ന ജനങ്ങളെ ഇല്ലായ്മ ചെയ്യുകയായിരുന്നു അവർ സ്വീകരിച്ച വഴി. കാരണം ജനങ്ങൾ ‘തെറ്റായ ദൈവങ്ങളെ’ ആരാധിക്കുന്നിടത്തോളം കാലം സഭയ്ക്കു അവരുടെ പ്രാമാണികത സ്ഥാപിക്കാൻ കഴിയുമായിരുന്നില്ല.

അങ്ങിനെ, ഏകദേശം 1500-2000 കൊല്ലം പേഗൻമതവിശ്വാസികളെ പീഢിപ്പിച്ചശേഷം, ഭാരതത്തിൽ എത്തിയപ്പോൾ അവർ കാണുന്നത് സ്വന്തമായി മൂർത്തികളും ആരാധനയും ഒക്കെയുള്ള ജനങ്ങളെയാണ്. തികച്ചും നിരാശാജനകമായ വാർത്തയായിരുനു അവർക്കത്. നിങ്ങൾ മതവിഷയങ്ങളിൽ ജ്ഞാനമുള്ള കൃസ്ത്യാനിയാണെങ്കിൽ, കൃസ്തുമതം മന്ത്രങ്ങളെ സ്വീകരിക്കില്ലെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ പോപ്‌സംസ്കാരം പിന്തുടരുകയോ, മയക്കുമരുന്നടിക്കുകയോ ചെയ്താൽ നിങ്ങൾക്കു എന്തും സ്വീകാര്യമായി തോന്നും. എന്നാൽ, മന്ത്രങ്ങൾ കൃസ്തുമതത്തിനു ദോഷകരമാണെന്ന എന്റെ വിലയിരുത്തലിനോടു ഒരു യഥാർത്ഥ കൃസ്ത്യൻ ദൈവജ്ഞൻ തീർച്ചയായും യോജിക്കും.

ഇനി ഇതിന്റെ മറുവശം നോക്കാം. യാഥാസ്ഥിതികതയിൽ ഊന്നിയ കൃസ്ത്യൻ മതവിശ്വാസം മന്ത്രസാധനയെ എപ്രകാരം വീക്ഷിക്കുന്നു? Nicene Creed (നിഖ്യാ വിശ്വാസപ്രമാണം) എന്നാണ് യാഥാസ്ഥിതിക വിശ്വാസത്തെ പറയുന്നത്. Nicene Creed ഒരു ആഖ്യാനമാണ്, ചരിത്രപരമായ ആഖ്യാനം. മാനവരാശിയുടെ മോചനത്തിനു വേണ്ടതായിപ്പറയുന്ന ഏദൻതോട്ടത്തിൽ വച്ച് ആദവും ഹവ്വയും ചെയ്ത ആദിപാപം, ദൈവം നിത്യനരകം ശപിച്ചുനൽകിയത്, രക്ഷകനായുള്ള യേശുവിന്റെ രംഗപ്രവേശം, യേശുവിന്റെ കുരിശുമരണവും ഉയിർത്തെഴുന്നേൽപ്പും., ഇതെല്ലാം Nicene Creed-ൽ അടങ്ങിയിരിക്കുന്നു. മാനവരാശിയുടെ മോചനത്തിനു Nicene Creed അവശ്യമാണ്. ഇക്കാര്യങ്ങൾ എല്ലാം ഒരുവിശ്വാസിയുടെ മനസ്സിൽ ഉണ്ടായിരിക്കണം. പള്ളിയിൽ പോയി ഇത് പ്രാർത്ഥനാപൂർവ്വം ഉരുവിടുകയുമാകാം. എന്നാൽ Nicene Creed ഏകാഗ്രതാഭംഗത്തിനു കാരണമാണ്. മന്ത്രോച്ചാരണം ചെയ്യുന്ന ഒരു വ്യക്തിയുടെ ഏകാഗ്രതക്കു ഇത് ഭംഗംവരുത്തും. മന്ത്രസാധകർ Nicene Creed പോലുള്ള എന്തെങ്കിലും കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതില്ല. ഇനി അഥവാ ചെയ്താൽ, മന്ത്രസാധന ഇതിനൊപ്പം സാധ്യമല്ല. മന്ത്രങ്ങൾ ആശയതലത്തിലുള്ള ഒന്നുമായും സംവദിക്കുന്നില്ല. അവ പ്രപഞ്ചത്തിലെ ചില താളങ്ങളാണ്. മന്ത്രങ്ങൾ പ്രാർത്ഥനയല്ലെന്നു ചുരുക്കം.

മന്ത്രങ്ങളും കൃസ്തുമതവും തമ്മിലുള്ള പൊരുത്തമില്ലായ്മക്ക് രണ്ടാമത്തെ കാരണം ബൈബിൾ കോസ്മോളജിയാണ്. വൈദിക ആശയമായ ഋതം-ത്തിനു (ऋतं) ബൈബിൾ കോസ്മോളജിയിൽ സ്ഥാനമില്ല. പരംപൊരുളിന്റെ അടിസ്ഥാനഘടനയായ ഋതം, ബൈബിളിലുള്ള ഏതൊരു ആശയത്തിൽനിന്നും തികച്ചും വിഭിന്നമാണ്.

ഇതുവരെ പറഞ്ഞ കാര്യങ്ങളെ താഴെയുള്ള വിധം സംഗ്രഹിക്കാം.

A. മന്ത്രങ്ങൾ കൃസ്ത്യൻ യാഥാസ്ഥിതികതയെ അതിർലംഘിക്കുന്നു.

1. മന്ത്രങ്ങൾ എല്ലാതരം വിശ്വാസങ്ങളും ഉപരിയാണ്. അതീന്ദ്രിയമാണ്.
2. മന്ത്രങ്ങൾ അദ്വൈതഭാവത്തിലേക്കു നയിക്കുന്നു = ദൈവവുമായി തദാമ്യം പ്രാപിക്കുന്നു.
3. ബൈബിൾ മൗനത്തെ/നിശബ്ദതയെ അപകടകരമായ ഒന്നായി കാണുന്നു.
4. മന്ത്രങ്ങൾ പേഗൻ ദൈവങ്ങളോടുള്ള പ്രാർത്ഥനയായി കൃസ്തുമതം കണക്കാക്കുന്നു. ഇത് പത്തുകല്പനകളിൽ ഒന്നിന്റെ ലംഘനമാണ്.

B. കൃസ്തുമതം മന്ത്രങ്ങളെ നിരസിക്കുന്നു.

1. Nicene Creed (നിഖ്യാ വിശ്വാസപ്രമാണം) ഏകാഗ്രതാഭംഗത്തിനു കാരണമാകുന്നു.
2. ബൈബിൾ പ്രകാരമുള്ള കോസ്മോളജി, വൈദിക ആശയമായ ഋത-ത്തെ ഒഴിവാക്കുന്നു.

മുകളിലെ വിശകലനം ഒരു ഉദാഹരണസഹിതമാണ്. പ്രമുഖനായ ഏതൊരു ചിന്തകനും ആശയങ്ങളെ ഇത്തരമൊരു വിശകലനത്തിനു വിധേയമാക്കുകയാണ് ചെയ്യുക. എന്നാൽ വേണ്ടത്ര അറിവില്ലാത്ത ചിലർ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നില്ല. അവർ എല്ലാകാര്യങ്ങളും ലാഘവത്വത്തോടെ എടുക്കുകയാണ്. മുമ്പ് കാണിച്ച വീഡിയോ ക്ലിപ്പിലുള്ള സ്ത്രീയും പുരുഷനും (Miten and Deva Premal), കൃസ്ത്യൻ ദൈവശാസ്ത്രത്തിലും വൈദികചിന്തയിലും യാതൊരു അറിവുമില്ലാതെ സംസാരിക്കുകയാണ്. അവരിതിനെ വളരെ ഉപരിപ്ലവമായാണ് സമീപിക്കുന്നത്. അതാണ് ഈ വിഷയത്തിൽ ഞാൻ കാണുന്ന പ്രശ്നവും… ഇത്രയുമാണ് ഈ വിഷയത്തിലുള്ള എന്റെ അഭിപ്രായം. ശ്രീമതി ലൂയിസിനെ ഈ വിഷയത്തിലുള്ള അഭിപ്രായം പങ്കുവയ്ക്കാൻ ക്ഷണിയ്ക്കുന്നു.

ശ്രീമതി ലൂയിസ് – പാശ്ചാത്യ വീക്ഷണകോണിൽ നിന്നു നോക്കുമ്പോൾ, എനിക്കു വ്യക്തമായും മനസ്സിലാക്കാൻ കഴിയും, കൃസ്തുമതത്തെ ഏതുരീതിയിലാണ് മന്ത്രങ്ങൾ നിരസിച്ചതെന്ന്. താങ്കൾക്കറിയുമോ, എന്നിൽ ചില പ്രത്യേക ആസ്തിത്വസംബന്ധിയായ ചോദ്യങ്ങൾ ഉണ്ടായിരുന്നു. അവയാണ് സ്വാമി ദയാനന്ദയ്ക്കു അരികിലേക്ക് എന്നെ നയിച്ചത്. പഠിപ്പിക്കുന്ന കാര്യത്തിൽ സ്വാമിക്കു വ്യക്തമായ രീതിശാസ്ത്രമുണ്ടായിരുന്നു. എന്റെ അന്വേഷണങ്ങൾക്കുള്ള മറുപടി അദ്ദേഹം എന്നിൽ ജനിപ്പിക്കുകയും, അതുവഴി, ഭാരതീയ സമ്പ്രദായത്തോടു സമർപ്പിതയായി കുറേനാൾ ഞാൻ ജീവിക്കുകയും ചെയ്തു. ചിന്തിച്ച് ആശയങ്ങൾ ക്രോഢീകരിക്കേണ്ടത് എങ്ങിനെയെന്ന് എന്നെ പഠിപ്പിച്ചതിന്റെ ഖ്യാതി സ്വാമിക്കു അവകാശപ്പെട്ടതാണ്. ഞാൻ കോളേജിൽ പോയിട്ടില്ല, അക്കാദമിക്കായ വ്യക്തിയുമല്ല. എന്നിട്ടും പാശ്ചാത്യർ ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നു ഞാൻ മനസ്സിലാക്കി. പാശ്ചാത്യരിൽ പലരും ജൂത-കൃസ്ത്യൻ മതവിശ്വാസത്തിന്റെ ചട്ടക്കൂടിനെ നിരസിക്കുന്നതായി തോന്നിയിട്ടുണ്ട്. എന്നാൽ പൗരസ്ത്യസമ്പ്രദായത്തെ, അവരുടെ സ്വന്തം ദൈവസങ്കല്പത്തിലേക്കു സ്വാംശീകരിക്കാതെ,അവർ സ്വീകരിക്കില്ല. ഇതുകൊണ്ട് അവർക്കുള്ള നേട്ടം മാനസികവും വൈകാരികവുമായ സുഖാനുഭൂതി മാത്രമാണ്. ഞാനിതിനെ പാശ്ചാത്യരുടെ കൊളോണിയൽ ആത്മരതി എന്നു വിളിക്കും. യോഗ, കീർത്തനം/ഭജന, മന്ത്രങ്ങൾ എന്നിവ പരിശീലിക്കുന്ന ഭൂരിഭാഗം പാശ്ചാത്യരും ഈ ഗണത്തിൽപെടും. അവർക്കിത് യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമാണ്. യോഗ, മന്ത്രങ്ങൾ തുടങ്ങിയവയ്ക്കു കൃസ്തുമതവുമായും പൗരസ്ത്യ ആസ്തിത്വദർശനങ്ങളുമായുമുള്ള ബന്ധമെന്ത്, അവ തമ്മിൽ സംഘർഷമുണ്ടോ ഇല്ലയോ എന്നീ വിഷയങ്ങളിൽ ആഴത്തിൽ ചിന്തിക്കാൻ അവർ മിനക്കെടാറില്ല.

മുമ്പ് കാണിച്ച വീഡിയോയിൽ പ്രസക്തമായ മറ്റൊരു വസ്തുതയും അടങ്ങിയിട്ടുണ്ട്. വസ്തുതകളെ വഴിതിരിച്ചു വിടുന്ന രീതിയാണത്. ഇത് കൊളോണിയൽ കാലത്തു സംഭവിച്ചത് തന്നെയാണ്. കോളനിഭരണം അല്ല കോളനിരാജ്യങ്ങളിലെ പ്രശ്നങ്ങൾക്കു കാരണമെന്ന് അവർ പറയും. ഇതുപോലെ, തങ്ങൾ ഹൈന്ദവആശയങ്ങൾ ഒന്നും ഏറ്റെടുത്ത് കൈവശപ്പെടുത്തുന്നില്ലെന്നും, മറിച്ച് ഹിന്ദുക്കളാണ് ആദ്യം ഏറ്റെടുക്കൽ നടത്തിയതെന്നും പാശ്ചാത്യർ ആരോപിക്കും. അടുത്തപടിയായി, ഹൈന്ദവർ നടത്തിയ ഏറ്റെടുക്കലിൽ ഊന്നിക്കൊണ്ട് അവർ നടത്തുന്ന അപഹരണത്തെ ന്യായീകരിക്കും. അവർ ഈ വീഡിയോ ഉണ്ടാക്കാനുള്ള കാരണവും ഇതാണ്. ജനങ്ങൾ അവരോടു മന്ത്രങ്ങളുടെ ഉറവിടത്തെക്കുറിച്ച് അത്ര സുഖകരമല്ലാത്ത ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. അപ്പോൾ സത്യസന്ധതയോടെ മന്ത്രങ്ങളുടെ ഉറവിടത്തെക്കുറിച്ചും, അവ ഉപയോഗിക്കേണ്ട രീതിയും വിശദീകരിക്കേണ്ടതിനു പകരം, അവർ ‘മന്ത്രങ്ങളെ ഹിന്ദുമതം ഏറ്റെടുക്കുകയായിരുന്നു’ എന്നു പറയുന്നു. അവർ അവരുടെ അന്തരാത്മാവ് പ്രതിഫലിപ്പിക്കുന്ന ചുമതലബോധം പോലും കാണിക്കുന്നില്ല. ഹിന്ദുമതത്തിന്റെ വരവിനു മുമ്പ് മന്ത്രങ്ങൾ എല്ലാവർക്കും സ്വീകരിക്കാവുന്ന അനാദിയായ ശബ്ദങ്ങളായിരുന്നു; ഹിന്ദുമതം വന്നശേഷം മന്ത്രങ്ങളെ ഏറ്റെടുത്ത് മറ്റുള്ളവരിൽനിന്നു കൊട്ടിയടച്ചു; ഇതുകൊണ്ടാണ് മന്ത്രങ്ങളെ ഹിന്ദുമതവുമായി നാം ബന്ധപ്പെടുത്തുന്നത്; സത്യത്തിൽ മന്ത്രങ്ങൾ ഹിന്ദുമതത്തേയും അതിവർത്തിച്ചു നിലകൊള്ളുന്നവയാണ്… ഈവിധമുള്ള ഹിന്ദുഫോബിയ എല്ലായിടത്തും ഞാൻ കണ്ടിട്ടുണ്ട്. പാശ്ചാത്യർ ഹിന്ദുമതത്തെപ്പറ്റി ഓരോന്ന് കെട്ടിച്ചമയ്ക്കുന്നതെങ്ങിനെയെന്ന് നിങ്ങൾ മനസ്സിലാക്കിത്തുടങ്ങിയാൽ, നിങ്ങളതിൽ താല്പര്യം പ്രകടിപ്പിച്ചാൽ, പിന്നെ ഹിന്ദുഫോബിയ അതിന്റെ തനിനിറം കാണിക്കാൻ ആരംഭിക്കും.

രാജീവ് മൽഹോത്ര – അതെ. പാശ്ചാത്യർ പ്രശ്നഭരിതമായി കണ്ട്, നിർവചിച്ച പദാവലികളിൽ നാം കുരുങ്ങിക്കിടക്കരുതെന്ന് ഞാൻ കരുതുന്നു. ലോകത്ത് മതങ്ങളും മതസംഘർഷങ്ങളും ഉണ്ടെന്നുള്ള നിർവചനത്തിൽ അവരുടെ അജൻഡ ആരംഭിക്കുന്നു. ഹിന്ദുമതം ഒരു മതമാണ്. മറ്റുമതങ്ങൾ പിന്നീട് ഉണ്ടായി. ഇതിനെല്ലാം മുമ്പ് ഉണ്ടായിരുന്നത് അനാദിയായ കുറേ തത്ത്വങ്ങളാണ്. ഹൈന്ദവആശയങ്ങൾ ഏറ്റെടുത്തു അപഹരിക്കുന്നവരുടെ വാദഗതി ഇപ്രകാരമാണ്. ഇത്തരം വാദങ്ങൾ നാം നിരസിക്കണം. ‘മതത്തെക്കുറിച്ചുള്ള നിർവചനം മറക്കൂ, ഹിന്ദുമതം എന്തായാലും ഒരു മതമല്ല’ എന്നു നാം അവരോടു തറപ്പിച്ചു പറയണം. ഭൂഗുരുത്വാകർഷണ നിയമങ്ങൾ മതങ്ങളല്ല എന്നപോലെയാണ് ഇക്കാര്യം. പരമാർത്ഥസത്യത്തെ കുറിച്ചു ഭാരതീയഋഷിമാർ കണ്ടെത്തിയ വസ്തുതകൾ മതത്തെക്കുറിച്ചോ, ഏതെങ്കിലും ഒരു സംഘടനയിൽ ആരെങ്കിലും അംഗമാകുന്നതിനെ സംബന്ധിച്ചുള്ളതോ അല്ല. അതുകൊണ്ട് നമുക്ക് മതത്തിന്റെ നിർവചനമൊക്കെ മാറ്റിവയ്ക്കാം. മതങ്ങൾ സംഘർഷത്തിനു കാരണമാകുന്നെന്ന പ്രസ്താവന വരെ മാത്രമേ നമുക്ക് പാശ്ചാത്യരോടു യോജിക്കാനാകൂ. തീർച്ചയായും മതങ്ങൾ പിന്നീടുണ്ടായവയാണ്. അവ സ്വതവേ ജൈവികമല്ല. അതിനാൽ നമുക്ക് എല്ലാ മതങ്ങളേയും നിരസിക്കാം.

എല്ലാ മതങ്ങളേയും നിരസിച്ച ശേഷം പിന്നെയുള്ളത് വൈദിക ആശയമായ ഋത-ത്തെ അടിസ്ഥാനമാക്കുന്ന മന്ത്രങ്ങൾ മാത്രമാണ്. വേദങ്ങൾ സ്വന്തം നിലയിൽ മതമല്ല. യമ/നിയമ എന്നിങ്ങനെ അറിയപ്പെടുന്ന പെരുമാറ്റവ്യവസ്ഥകളും, പുനർജന്മസിദ്ധാന്തം, കർമ്മസിദ്ധാന്തം എന്നിവയൊക്കെ അടങ്ങുന്ന ലോകവീക്ഷണവും വേദത്തിലുണ്ട്. മതമെന്ന നിർവചനത്തിൽ ഒതുങ്ങിനിൽക്കുന്ന ലോകവീക്ഷണത്തിൽ അല്ല മന്ത്രങ്ങൾ പ്രവർത്തിക്കുന്നത്. മന്ത്രങ്ങളുടെ ഫലം സിദ്ധിക്കാൻ സഭയിലോ, മറ്റേതെങ്കിലും ഗ്രൂപ്പുകളിലോ നാം അംഗമാകേണ്ടതില്ല. ഈ ലോകത്തിൽ, നമ്മുടെ പരിമിതികൾക്കുള്ളിൽ ഒതുങ്ങിനിന്നു കൊണ്ട് മന്ത്രങ്ങൾ ആചരിക്കാം. ഈ വൈദിക ലോകവീക്ഷണത്തെ നാം എന്തെങ്കിലും പേരിട്ടു വിളിക്കേണ്ടതില്ല. ചില പേരുകളിൽ തളച്ചിടേണ്ടവയല്ല ഇവ.തത്ത്വത്തിൽ, വൈദിക ലോകവീക്ഷണവും മന്ത്രസിദ്ധികളും കൃസ്തുമതവുമായി ഇണക്കിച്ചേർക്കാൻ കഴിയില്ലെന്നാണ് ഇവിടെ നാം തെളിയിക്കുന്നത്. വൈദികവീക്ഷണവും ക്രൈസ്തവ വീക്ഷണവും തമ്മിൽ ധാരാളം വ്യത്യാസങ്ങളുണ്ട്. ഒന്ന് മറ്റൊന്നിനു അനുയോജ്യമോ പ്രയോജനകരമോ അല്ല. വൈദികവീക്ഷണം മതമാണോ അല്ലയോ എന്നതിനൊന്നും ഇവിടെ ഒരു പ്രാധാന്യവുമില്ല.

ശ്രീമതി ലൂയിസ് – പടിഞ്ഞാറൻ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഞാൻ ഈയിടെ ഒരു ചോദ്യം ആവർത്തിക്കാറുണ്ട് – യോഗയെ യോഗയാക്കി നിലനിർത്തുന്നത് എന്താണ്? യോഗ എന്നു വിളിക്കാൻ മാത്രം എന്ത് അർത്ഥമുള്ള കാര്യമാണ് നാം പടിഞ്ഞാറൻ രാജ്യങ്ങളിൽ യോഗയുടെ പേരിൽ ചെയ്യുന്നത്. ഒരു വ്യക്തി, മന്ത്രങ്ങളുടെ ശരിയായ അർത്ഥം ഗ്രഹിക്കണമെന്നില്ലാതെ, സ്വന്തം മാനസിക-വൈകാരിക സംഘർഷങ്ങൾക്കുള്ള പരിഹാരം മാത്രമാണ് തേടുന്നതെങ്കിൽ, മന്ത്രങ്ങൾക്കു ഫലസിദ്ധി ഉറപ്പുവരുത്തുന്ന വൈദികവീക്ഷണം ഇല്ലാതെ, വെറുമൊരു മന്ത്രത്തെ മാത്രമേ ആ വ്യക്തിക്കു സ്വീകരിക്കാനാകൂ. ഇത്തരം ആസ്തിത്വസംബന്ധിയായ ചോദ്യങ്ങൾ വീണ്ടും വീണ്ടും ഉന്നയിക്കപ്പെടണം. ഒരുവ്യക്തി കൃസ്ത്യൻ മതവിശ്വാസത്തിനു അനുസരിച്ചുള്ള ലോകവീക്ഷണം പുലർത്തുന്നിടത്തോളം, തേടുന്ന സത്യത്തിൽനിന്നു അവർ അകന്നുതന്നെ കഴിയേണ്ടി വരും. നാമരൂപങ്ങളുടെ അന്തസത്ത മനസ്സിലാക്കുകയാണ് ഏറ്റവും കാതലായ കാര്യം. എനിക്കു കൃസ്തുമതത്തിലൂടെ ഇത് നേടിയെടുക്കാൻ കഴിയില്ല. അതുകൊണ്ട്, ജ്ഞാനസ്നാനം ചെയ്യപെട്ട കത്തോലിക്ക കൃസ്ത്യാനിയായിട്ടും ഞാൻ കൃസ്തുമതത്തെ കയ്യൊഴിഞ്ഞു. അപ്പോൾ മാത്രമാണ് സത്യത്തിലേക്കുള്ള മറ്റൊരു വിചാരധാരയെ പറ്റി എനിക്കു ബോധോദയമുണ്ടായത്. യോഗചര്യയുടെ കീഴിൽ വരുന്ന എല്ലാ അനുഷ്ഠാനവും എനിക്കു അർത്ഥവത്താക്കണം. അതിനു വൈദിക-ക്രൈസ്തവ ലോകവീക്ഷണങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ എനിക്കു കൂടുതൽ സ്പഷ്ടമാക്കേണ്ടതുണ്ട്.

രാജീവ് മൽഹോത്ര – പാശ്ചാത്യർ മാനസിക-വൈകാരിക ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് യോഗയും മറ്റും പരിശീലിക്കുന്നതെന്ന താങ്കളുടെ വാദം പ്രാധാന്യമുള്ള കാഴ്ചപ്പാടാണ്. അവർ ആശയങ്ങളെ ഗൗരവപൂർവ്വം സമീപിക്കുന്ന ബുദ്ധിജീവികളല്ല. അവർക്കു ഉയർന്ന ദാർശനിക നിലവാരമില്ല. കാരണം അവർ അനുവർത്തിക്കുന്ന സമ്പ്രദായത്തെ കുറിച്ച് ശരിയായ ഉൾക്കാഴ്ച അവർക്കില്ല. തന്മൂലം, അവരിൽ ധാരാളം പേർ കൃസ്ത്യനാണെങ്കിലും പുനർജന്മ സിദ്ധാന്തത്തിൽ ഞാൻ വിശ്വസിക്കുന്നു എന്ന് പറയും. പക്ഷേ പുനർജന്മ സിദ്ധാന്തത്തിൽ വിശ്വസിച്ചാൽ പിന്നെ മരണശേഷം സ്വർഗ്ഗമോ നരകമോ ഇല്ലെന്നതാണ് സത്യം. എന്നെന്നേയ്ക്കുമുള്ള നരകശിക്ഷയും ഇല്ല. നരകശിക്ഷയില്ലെങ്കിൽ പിന്നെ നമുക്ക് ബൈബിളിന്റെ ആവശ്യമില്ല എന്നു മാത്രമല്ല, അപ്പോൾ നാം ആരാലും രക്ഷിക്കപ്പെടേണ്ടതായും വരുന്നില്ല. എന്തിൽനിന്നാണ് നാം രക്ഷിക്കപ്പെടേണ്ടത്?

ശരി. അങ്ങിനെ, ആദിപാപം ഇല്ലെങ്കിൽ നാം വിഷമിക്കേണ്ടതില്ല. നിങ്ങൾക്ക്… പിന്നെ ഹിന്ദുവായി മാറിയാൽ മതി. പക്ഷേ നിങ്ങൾക്കു അതറിയില്ല. നിങ്ങളെല്ലാവരും മന്ത്രവും കൃസ്തുമതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആശയക്കുഴപ്പത്തിലാണ്. കൃസ്തുമത വിശ്വാസികൾ ആശയക്കുഴപ്പത്തിലായാൽ എനിക്കതിൽ ഉൽകണ്ഠയൊന്നുമില്ല. എന്നാൽ ഇതിന്റെ അനുരണങ്ങൾ ഹൈന്ദവരെ സ്വാധീനിക്കുമോ എന്നാണ് എന്റെ ആശങ്ക. പാശ്ചാത്യരാജ്യങ്ങൾക്കു ചില രംഗങ്ങളിലുള്ള മേൽക്കോയ്മ മൂലം, അവിടെനിന്നു വരുന്ന ആശയങ്ങളാൽ ഹൈന്ദവർ സ്വാധീനിക്കപ്പെടുന്ന ഒരുരീതി നിലവിലുണ്ട്. ചില ഹൈന്ദവഗുരുക്കന്മാർ വരെ ആശയപ്രതിസന്ധിയിലാണ്. അവരെല്ലാം ഇപ്പോൾ വൈദിക, ക്രൈസ്തവ ലോകവീക്ഷണങ്ങൾ ഒന്നു തന്നെയാണെന്ന നിലപാട് എടുക്കുന്നുണ്ട്. അക്കാര്യത്തിലാണ് എനിക്കു ആശങ്ക. കാരണം ഇത് ഞങ്ങളുടെ, ഹൈന്ദവ വിശ്വാസികളുടെ മനസ്സിലെ വലിയൊരു തെറ്റിദ്ധാരണയാണ്.

പാശ്ചാത്യരാജ്യങ്ങളിൽ യോഗപ്രതിഷ്ഠിക്കപ്പെടുന്നത് എങ്ങിനെയാണെന്ന് ‘Being Different’ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളിൽ ഞാൻ വിവരിച്ചിട്ടുണ്ട്. ഈ പ്രക്രിയക്കു നാലു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തിൽ യോഗയുടെ ആത്മീയവശം ഒഴിച്ചുമാറ്റുന്നു. രണ്ടാത്തേതിൽ യോഗ പാശ്ചാത്യ ആശയങ്ങളിലേക്ക് സ്വാംശീകരിക്കപ്പെടുന്നു. മൂന്നാം ഘട്ടത്തിൽ, യോഗ ഹിന്ദുഫോബിക് ആയി മാറുന്നു. ഹൈന്ദവധർമ്മവും ഋഷിമാരും ഈ ഘട്ടത്തിൽ അവഹേളനപാത്രമാകും. നാലാം ഘട്ടത്തിൽ, യോഗ ഒരു വില്പനച്ചരക്കാകുന്നു. അതിന്റെ ഉപഭോക്താക്കളിൽ ഇന്ത്യക്കാരും പെടും. ഈ നാല് ഘട്ടങ്ങളെ പറ്റിയുള്ള താങ്കളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുമല്ലോ.

ശ്രീമതി ലൂയിസ് – എനിക്കു തോന്നുന്നു, ഞാൻ ഇവയുടെ ക്രമനമ്പർ മാറ്റുമെന്ന്. പാശ്ചാത്യരാജ്യങ്ങളിലെ യോഗ സമ്പ്രദായവുമായുള്ള ഇടപെടലുകളിൽനിന്നു ഞാൻ മനസ്സിലാക്കിയത്, യോഗ ആദ്യമേ തന്നെ വില്പനച്ചരക്കാകും എന്നാണ്. ഇതിനുശേഷം വിപണിയിലെ വമ്പന്മാർ യോഗയുടെ സ്വത്വം എന്താകണമെന്നു തീരുമാനിക്കും. അവർ യോഗയുടെ മൂർത്തസ്വഭാവം ഒഴിവാക്കി, അമൂർത്ത ഭാവം അതിലേക്കു കടത്തിവിടും. യോഗയുടെ പ്രചാരം തുടർന്നുകൊണ്ടു പോകുന്നതിനുള്ള മാർഗങ്ങൾ വിപണി നിർവഹിക്കും. യോഗ ജനസമ്മതി നേടുന്ന ഘട്ടമാണ് അടുത്തത്. ജനസമ്മതിക്ക് അവശ്യമായ ഘടകം എതിർപ്പും പരാതിയും ഇല്ലാതിരിക്കുകയാണ്. ഇതിനുവേണ്ടി, യോഗയ്ക്കു സാർവ്വലൗകികതയുണ്ടെന്ന പ്രചാരണം തുടങ്ങും. എല്ലാവിഭാഗം ജനങ്ങൾക്കും ഏതു സാഹചര്യത്തിലും യോഗ ഗുണകരമാണെന്ന തെറ്റിദ്ധാരണണ വിപണിശക്തികൾ പരത്തും. വിപണിവൽക്കരണം എന്ന ലക്ഷ്യം നേടിയാൽ, പിന്നെ യോഗയെന്ന ‘ഉൽപ്പന്ന’ത്തെ കുറിച്ച് വിമർശാത്മകമോ ഗൗരവതരമോ ആയ ചർച്ചകൾ നടക്കില്ല. യോഗയുടെ ആത്മീയവശം ചോർത്തിക്കളയുന്നത് പിന്നീടുള്ള ഘട്ടത്തിലായിരിക്കും.

രാജീവ് മൽഹോത്ര – 1950-60കളിലെ ഒന്നാം ഘട്ടത്തിലാണ് U-Turn സിദ്ധാന്തത്തിലൂന്നിയ എന്റെ പ്രവർത്തനങ്ങൾ ഞാൻ നടത്തിയത്. അക്കാലത്ത് ധാരാളം പാശ്ചാത്യർ ഹൈന്ദവവും അത്മീയവുമായ യോഗ സ്വീകരിച്ചിരുന്നു. അതിനുശേഷം, യോഗയിലെ ആത്മീയവശത്തെ ഒഴിവാക്കലും വിപണിവൽക്കരണവും ഒരുമിച്ചാണ് നടന്നത്. എന്തുകൊണ്ടെന്നാൽ, മാർക്കറ്റിങ്ങിന്റെ കാര്യം വരുമ്പോൾ ബുക്ക് ഏജന്റുമാർ പറയും, ഹൈന്ദവഘടകങ്ങൾ ഒഴിവാക്കിയാൽ പുസ്തകം കൂടുതൽ വിൽക്കാനാകുമെന്ന്. ഹിന്ദുമതത്തെ കുറിച്ചാണ് പഠിക്കുന്നതെന്നു ‘ഉപഭോക്താക്കൾക്കു’ അറിയില്ലെങ്കിൽ, അത് വലിയൊരു വിപണി സാധ്യത പാശ്ചാത്യലോകത്ത് തുറന്നിടുമെന്നു ധാരാളം പേർ പറഞ്ഞു. അപ്പോൾ, ഒരു വിപണി അവസരം, പ്രാമാണ്യം നേടാനുള്ള സാഹചര്യം എന്നീ നിലകളിൽ യോഗയുടെ വിപണിവൽക്കരണം, യോഗയുടെ ആത്മീയവശവും ഹൈന്ദവസ്വാധീനവും നിർമ്മാജനം ചെയ്യുന്നതിനോടു തോളോടുതോൾ ചേർന്നാണ് പ്രവർത്തിച്ചത്. ഹൈന്ദവഘടകങ്ങൾ ഒഴിവാക്കിയതിലൂടെ അവർക്കു ഉയർന്ന കമ്പോളലഭ്യതയും ഓഹരിയും ലഭിച്ചു. ഇതാണ് ഒന്നാംഘട്ടം.

ഇത്തരം ഭാരതീയആശയങ്ങളുടെ സ്വാംശീകരണം കൃസ്തുമതത്തിലേക്കെന്ന പോലെ ശാസ്ത്രത്തിലേക്കും നടക്കുന്നുണ്ട്. ജൂതമതം, സൈക്കോളജി, പ്രത്യഭിജ്ഞാന ശാസ്ത്രം (Cognitive Science), ആരോഗ്യശാസ്ത്രം., എന്നിങ്ങനെ എല്ലാ മേഖലയിലേക്കും സ്വാംശീകരണം നടക്കുന്നുണ്ട്.

ശ്രീമതി ലൂയിസ്– കൃത്യമായും അതുതന്നെ. അതുകൊണ്ടാണ് ഞാൻ പറയുന്നത്, യോഗയ്ക്ക് അതിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ള ഒരു മാതൃക വേണമെന്ന്. എന്താണ് യോഗ, അതിന്റെ മാനസികവശം എന്ത്., എന്നതെല്ലാം ഈ മാതൃകയിൽ ഉൾപ്പെട്ടിരിക്കണം. കാരണം ബയോളജി, സൈക്കോളജി തുടങ്ങിയ നിരവധി ശാസ്ത്രശാഖകൾ യോഗആശയങ്ങളെ സ്വാംശീകരിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ അനാട്ടമിക്കൽ സയൻസും, ജിംനേഷ്യം/കായിക മേഖലയിലെ വിദഗ്‌ധരും യോഗവിദ്യകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ഞാനെന്റെ പുസ്തകത്തിൽ – ‘Dark Yoga, Becky and Hinduphobia’ – വിവരിച്ചിട്ടുണ്ട്. അതായത് ഇത്തരത്തിലുള്ള സ്വാധീനപ്പെടുത്തൽ, ഇക്കാര്യങ്ങളിൽ ഒരു പ്രാമാണികത പോലും അവർക്കു നൽകുന്നു. പാശ്ചാത്യരാജ്യങ്ങളിൽ യോഗയുടെ പര്യായമാണ് ആസനങ്ങൾ. ആസനങ്ങൾക്കുള്ള പ്രാമുഖ്യം മൂലം യോഗ, ഭാരതം, ഹിന്ദുമതം എന്നിവയുമായി ബന്ധമില്ലാത്ത, എന്നാൽ ശരീരവിജ്ഞാനത്തിൽ അറിവുള്ള ഒരുവ്യക്തിക്ക്, ആസന മാർക്കറ്റിൽ അധികാരികത്വം നേടാൻ കഴിയും. ഇവർക്കു കീഴിൽ യോഗയിൽ വരുന്ന വിവിധ പുത്തൻ പ്രവണതകളേയും, യോഗയിൽ വൈദഗ്ധ്യം ചമയുന്നവരേയും നിരീക്ഷിക്കുന്നത് രസകരമായിരിക്കും. പാശ്ചാത്യരാജ്യങ്ങളിൽ യോഗവിദഗ്ധരായി ഞാൻ കണ്ടിട്ടുള്ള ഭൂരിഭാഗം പേർക്കും യോഗയുമായി ഒരു ബന്ധവുമില്ല. അവർ ആസനങ്ങളും പാശ്ചാത്യശാസ്ത്രവും ഉപയോഗപ്പെടുത്തി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. അതിനിഗൂഢമായ പൗരസ്ത്യശാസ്ത്രങ്ങളിൽ അവർക്കു താല്പര്യമില്ല. എന്നാൽ, 1960-കളിൽ യോഗയുടെ ഭാരതീയസ്വാധീനം അന്വേഷിക്കപ്പെട്ടിരുന്നു. അതിനുശേഷം ആ രീതി തുടർന്നില്ല. ഞാനിപ്പോൾ പ്രധാനമായും പാശ്ചാത്യരാജ്യങ്ങളിലെ ഹിന്ദുഫോബിക് ഘടകങ്ങളേയും, യോഗ ഗ്രന്ഥങ്ങളുടെ തെറ്റായ തർജ്ജമകളേയും നിരീക്ഷണവിധേയമാക്കുകയാണ് ചെയ്യുന്നത്. യോഗയെ അതിന്റെ ഹൈന്ദവ ലോകവീക്ഷണത്തിൽനിന്നു പൂർണമായും വേർപെടുത്തിയാൽ, അപഹരണം ലക്ഷ്യമാക്കുന്നവർക്കു യോഗയെ അപ്പാടെ സ്വന്തമാക്കാൻ കഴിയും. കച്ചവടച്ചരക്കാക്കുക വഴി ലാഭവും കൊയ്യാം.

രാജീവ് മൽഹോത്ര – അതെ. യോഗയെ അതിന്റെ ഉറവിടത്തിൽ നിന്നു വേർപെടുത്തുന്നതിനു പാശ്ചാത്യർ ചിലകാരണങ്ങൾ പറയുന്നുണ്ട്. ഒന്ന്, യോഗ ശുദ്ധരൂപത്തിൽ തിന്മയാണ്; അത് പ്രാക്ടീസ് ചെയ്യുന്നവർക്കു ദോഷമാണ്. രണ്ട്, സ്വാംശീകരണ ശേഷമുള്ള യോഗ ഒറിജിനലിനേക്കാൾ നല്ലതാണത്രെ. യോഗയെ അപഹരിക്കുന്നവർ അപഹരണത്തിനു വേണ്ടി പറയുന്ന ന്യായങ്ങൾ മാത്രമാണ് ഇരുവാദങ്ങളും. ഞാൻ നടത്തിയിട്ടുള്ള ധാരാളം അഭിമുഖങ്ങളിൽ എന്തിനാണ് യോഗയെ സ്വാംശീകരിക്കുന്നതെന്ന് മറ്റുള്ളവരോടു ചോദിച്ചിട്ടുണ്ട്. സ്വാംശീകരണ ശേഷം യോഗ കൂടുതൽ മികച്ചതാകുമെന്നാണ് അവരുടെ പക്ഷം. അപരിഷ്കൃതമായിരുന്ന ഒന്നിൽനിന്നു യോഗ മുന്നോട്ടുപോയി പുരോഗമിച്ചതായി അവർ കരുതുന്നുണ്ടെന്ന് തോന്നുന്നു. അതിന്റെ ഫലമായുണ്ടായ കുറേ മാറാപ്പുകളും പ്രശ്നങ്ങളും ഒഴിവാക്കണം. സ്വാംശീകരണം അതിനു നല്ലതാണെന്നാണ് അവർ പറയുന്നത്. അപഹരണത്തെ ന്യായീകരിക്കാൻ, അപഹരിക്കുന്നവന്റെ അഹംകാരം പറയുന്ന യുക്തിയോ ഒഴിവുകഴിവുകളോ ആണ് ഹിന്ദുഫോബിയ.

1970-ൽ മാൻഹാട്ടണിൽ വച്ച് ഞാൻ ഒരു കവർച്ചക്കിരയായി. കവർച്ചക്കാരനെ സംബന്ധിച്ച് എന്റെ വാലറ്റ് പിടിച്ചുപറിക്കുക മാത്രമല്ലായിരുന്നു പ്രധാനം, എന്നെ നിരന്തരം അധിക്ഷേപിക്കുന്നതും വളരെ പ്രധാനമായിരുന്നു. എനിക്കുനേരെ എല്ലാതരം അസഭ്യപ്രയോഗങ്ങളും നടത്തിയശേഷം കവർച്ചക്കാരൻ ഓടിപ്പോയി. അവൻ എന്തിനാണ് അധിക്ഷേപിച്ചെതെന്ന കാര്യം എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു. ഇക്കാര്യം ഇന്ത്യക്കാരനായ ഒരുവനോടു സൂചിപ്പിച്ചപ്പോൾ, ഇന്ത്യയിലെ ധാരാളം സ്ഥലങ്ങളിൽ ഇതുപോലെ കവർച്ച നടത്തുന്നവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവർ സംഘമായി വന്ന് ഒറ്റപ്പെട്ട ഗ്രാമങ്ങൾ കൊള്ളയടിക്കുമത്രെ. കവർച്ചക്കിടയിൽ ഉടനീളം അധിക്ഷേപവും ചൊരിയും. ഇത്തരം പ്രവൃത്തികൾ കൂടുതൽ ധനം കവർച്ചചെയ്യാൻ സഹായിക്കില്ല. എങ്കിലും അപഹരണത്തിനിടയിൽ അതിനു ഇരയാകുന്നവരെ അപമാനിക്കേണ്ടത് വളരെ പ്രധാനമാണ്.

ഒരിക്കൽ അമേരിക്കയിൽ നടന്ന മീഡിയഷോയിൽ, ഒരു മോഷ്ടാവിന്റെ അല്ലെങ്കിൽ ക്രിമിനലിന്റെ മനശാസ്ത്രത്തെ കുറിച്ച് അവതാരകൻ വിശദീകരിക്കുകയുണ്ടായി. മോഷ്ടാവിനു ചില സമയങ്ങളിൽ ഇരയെ വളരെയധികം വെറുക്കണമത്രെ. അതുവഴി അവരുടെ ചെയ്തികളെ അവർക്കു മാനസികമായി ന്യായീകരിക്കാൻ പറ്റും. ലക്ഷ്യത്തോടുള്ള വെറുപ്പും, സ്വാംശീകരിച്ച് അപഹരിക്കലും തോളോടുതോൾ ചേർന്നു പോകുമെന്ന് ചുരുക്കം. നിങ്ങൾക്കു എന്തെങ്കിലുമൊന്ന് അപഹരിക്കണോ. എങ്കിൽ നിങ്ങളതിനെ വെറുക്കണം. നിങ്ങളുടെ ചെയ്തിയെ അത് ന്യായീകരിക്കും. ഹൈന്ദവപാരമ്പര്യങ്ങളിൽ നിന്നുള്ള അപഹരണം ഒരുവശത്തും, ഹിന്ദുഫോബിയയുടെ പ്രചാരം മറുവശത്തുമായി ഒരുമിച്ച് നടക്കുമ്പോൾ, കവർച്ചക്കിരയായ സാഹചര്യമാണ് എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നത്. അപ്പോൾ, ഇതെല്ലാം സത്യത്തിൽ മനശാസ്ത്രപരമല്ല. ഇവ ചിലപ്പോൾ സമാന്തരമായി ഒരുമിച്ചും സംഭവിക്കാം.

ശ്രീമതി ലൂയിസ് –അതെ. സ്വാംശീകരണം നേർരേഖയിലൂടെ അവിരാമം പുരോഗമിക്കുന്ന പ്രക്രിയ അല്ല. മറിച്ച്, അത് വ്യത്യസ്തരീതിയിലുള്ള ഒരു കൂടിച്ചേരലാണ്. എനിക്ക് എന്റേതു പോലുള്ള പാശ്ചാത്യകാഴ്ചപ്പാടിൽ നിന്നേ സംസാരിക്കാൻ കഴിയൂ. പാശ്ചാത്യരാജ്യങ്ങളുടേത്, മുൻകാലങ്ങളിൽ അനുവർത്തിച്ച കോളോണിയൽ തന്ത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന, മറ്റൊരു നവകൊളോണിയൽ കൗശലമായാണ് എനിക്കു തോന്നുന്നത്. ഇരയേയും ഇര രൂപംകൊടുത്ത ആശയങ്ങളേയും പിന്നാക്കമെന്നു പ്രചരിപ്പിക്കുന്ന രീതിയാണിത്. ഇതുമൂലം, ആസനങ്ങൾ ആകാരസൗകുമാര്യത്തിനു നല്ലതല്ലെന്നും, അവശരീരത്തിൽ അസ്ഥിരമായ ഫലം ഉളവാക്കുമെന്നും പ്രചാരണമുണ്ടാകുന്നു. ഒരു ഡാൻസർ എന്ന നിലയിൽ ശരീരം, ബയോമെക്കാനിക്‌സ് എന്നിവയെ ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിലും, അതുവഴി ശരീരത്തിന്റെ സ്റ്റാമിനയും ചലനങ്ങളിലെ അനായാസതയും വർദ്ധിപ്പിക്കുന്നതിനെപ്പറ്റി അവബോധം സൃഷ്ടിക്കുന്ന സംഭാഷണത്തിൽ ഏർപ്പെടാനും ഞാൻ തയ്യാറാണ്. പക്ഷേ ഇക്കാര്യത്തിൽ ഞാൻ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഞാൻ സംഭാഷണം നടത്തുന്നത് ആരുമായാണോ, അവർ നവകൊളോണിയൽ കാഴ്ചപ്പാട് സ്വീകരിച്ചവരാണ്. തൻമൂലം പക്ഷപാതപരമായ ചായ്‌വോടു കൂടിയാണ് സംസാരിക്കുന്നതെന്നു അവർ സത്യത്തിൽ മനസ്സിലാക്കുന്നില്ല. അവരുടെ വിചാരപ്രകാരം, പിന്നാക്കആശയമായ യോഗ കൂടുതൽ കുറ്റമറ്റതാക്കേണ്ടതുണ്ട്. അമേരിക്കൻ സാമ്രാജ്വത്വശൈലിയിൽ പറഞ്ഞാൽ, ‘ഞങ്ങൾ അതു ശരിയാക്കിത്തരാം’ എന്നാണ് അവരുടെ മനസ്സിലെ വിചാരം. അതിനനുസരിച്ച്, യോഗ പരിശീലിക്കുന്ന വെള്ളക്കാർ യോഗയിലെ ‘ന്യൂനതകൾ’ പരിഹരിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് അവരുടെ മനോഭാവം.

രാജീവ് മൽഹോത്ര – ശരി. താങ്കളുമായുള്ള ഈ മികച്ച സംഭാഷണം ഞാൻ സംഗ്രഹിക്കാൻ പോവുകയാണ്. ഒരുമിച്ചു പ്രവർത്തിക്കുന്നത് നമുക്കു തുടരാം. സംഭാഷണങ്ങളുടെ ഇത്തരം മിനി-സീരിസ് പ്രസക്തമായ ആശയങ്ങൾ വെളിച്ചത്തുകൊണ്ടു വരുന്നുണ്ട്. വളരെയധികം നന്ദി ലൂയിസ്. നമസ്കാരം.

ശ്രീമതി ലൂയിസ് – വളരെ നന്ദി.
രാജീവ് മൽഹോത്ര – എല്ലാ ആശംസകളും നേരുന്നു.

Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.

Leave a Reply

Your email address will not be published. Required fields are marked *

 characters available

ten − 3 =

Responses

Latest Articles from Kerala Focus

Did You Know?